Kerala
ഇടുക്കി: മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ കോൺഗ്രസിനെ ട്രോളി സിപിഎം നേതാവ് എം.എം.മണി. ഇനി വന്ന് വന്ന് യുഡിഎഫിന് വോട്ട് ചെയ്യാത്ത നമ്മളെയും ഡൽഹിക്ക് വിളിപ്പിക്കുമോയെന്ന് മണി ഫേയ്സ്ബുക്കിൽ കുറിച്ചു.
ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയായില്‍ വ്യാപകമായി പ്രചരിക്കുന്ന ട്രോള്‍ ചിത്രവും അദ്ദേഹം പങ്കിട്ടു. അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക യോഗം ഡൽഹിയിൽ തുടരുകയാണ്. സോണിയാഗാന്ധിയുടെ വസതിയായ 10 ജൻപഥിലാണ് കൂടിക്കാഴ്ച നടക്കുന്നത്.
വർക്കിംഗ് പ്രസിഡന്റുമാർ, കെപിസിസി മുൻ അധ്യക്ഷൻമാർ, അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മല്ലികാർജുൻ ഖാർഗെ ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
Kerala
വയനാട്: പുഞ്ചിരിമട്ടം ദുരന്തബാധിതര്‍ക്ക് പ്രഖ്യാപിച്ച ഭവന പദ്ധതിക്ക് വയനാട് കുന്നമ്പറ്റയില്‍ കോണ്‍ഗ്രസ് കഴിഞ്ഞ ജനുവരിയില്‍ വിലയ്ക്കുവാങ്ങി കെപിസിസി പ്രസിഡന്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 3.25 ഏക്കര്‍ ഭൂമിയില്‍ 80 സെന്റ് കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡന്റിന്റെ പേരില്‍ മാറ്റിയെഴുതി.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് കല്‍പ്പറ്റയില്‍ എത്തിയാണ് 80 സെന്റ് ഭൂമി ബ്ലോക്ക് പ്രസിഡന്റ് ബി. സുരേഷ്ബാബുവിന്റെ പേരില്‍ ആധാരം ചെയ്ത് നല്‍കിയത്. കുന്നമ്പറ്റയിലെ ഭൂമിയില്‍ ഭവന നിര്‍മാണം തുടങ്ങുന്നതിനുള്ള സാങ്കേതിക തടസം ഒഴിവാക്കുന്നതിനാണ് ഇതെന്നാണ് വിവരം.
മേപ്പാടി പഞ്ചായത്തില്‍പ്പെട്ട കുന്നമ്പറ്റയില്‍ ആകെ 5.42 ഏക്കര്‍ ഭൂമിയാണ് രണ്ട് ഘട്ടങ്ങളായി കോണ്‍ഗ്രസ് വാങ്ങിയത്. ഇതില്‍ രണ്ടാമത് വാങ്ങിയ ഭൂമിയുടെ രജിസ്ട്രേഷന് നടത്തിയിട്ടില്ല.
പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസത്തിന് 100 വീടാണ് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. ആദ്യം വാങ്ങിയ സ്ഥലത്തിന്റെ രജിസ്ട്രേഷന് നടന്ന മുറയ്ക്ക് ഫെബ്രുവരി 27ന് വീടുകളുടെ ശിലാസ്ഥാപനം പാര്‍ട്ടി ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് നടത്തിയിരുന്നു.
എന്നാല്‍ സാമ്പത്തിക ഞെരുക്കവും സാങ്കേതിക പ്രശ്നങ്ങളുംമൂലം വീടുകളുടെ നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫ് ഇത് പ്രചാരണവിഷയമാക്കിയിരുന്നു. ഭവനപദ്ധതിക്ക് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പിരിച്ച ഫണ്ട് മുക്കിയെന്ന ആരോപണവും എതിര് ചേരിയിലുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെയടക്കം ഉയര്‍ത്തി.
ഇതേത്തുര്‍ന്ന് പിരിച്ചതും ഭൂമി വാങ്ങുന്നതിന് ചെലവഴിച്ചതുമായ പണത്തിന്റെ കണക്ക് കെപിസിസി അധ്യക്ഷന്‍ പരസ്യപ്പെടുത്തിയിരുന്നു. രണ്ടാമത് വാങ്ങിയ ഭൂമിയുടെ രജിസ്ട്രേഷന് നടത്തുന്നതിനും ഭവന നിര്‍മാണം തുടങ്ങുന്നതിനും ഫണ്ട് കണ്ടത്തേണ്ട സ്ഥിതിയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കുന്നമ്പറ്റയിലെ ഭൂമിയില്‍ ഭവന നിര്‍മാണം വൈകാതെ തുടങ്ങുമെന്നാണ് കെപിസിസി പ്രസിഡന്റ് ഇന്ന് പറഞ്ഞത്.
Kerala
കണ്ണൂർ: കോൺഗ്രസിലെ വ്യാജ കത്ത് വിവാദത്തിൽ വിശദീകരണവുമായി കെ.സുധാകരന്റെ അനന്തരവൻ അജിത് കുമാർ. ഗ്രൂപ്പിൽ നിന്ന് ലഭിച്ച കത്ത് വ്യക്തികൾക്ക് ഫോർവേഡ് ചെയ്തതാണെന്നും വ്യാജ കത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സുധാകരനെ മോശമാക്കാനാണ് തനിക്കെതിരെ വാർത്ത വരുന്നതെന്നും കെഎസ് ബ്രിഗേഡ് എന്ന ഗ്രൂപ്പിൽ അജിത് കുമാർ വിശദീകരിച്ചു. കേസിൽ അജിത് കുമാറിനെ സൈബർ പോലീസ് ചോദ്യം ചെയ്തിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിലാണ് വ്യാജ കത്തിറങ്ങിയത്.
സണ്ണി ജോസഫ് എഐസിസിക്ക് അയച്ചത് എന്ന പേരിലാണ് കത്ത് പ്രചരിച്ചത്. കണ്ണൂരിൽ കെ.സുധാകരനെ മത്സരിപ്പിച്ചാൽ വിജയ സാധ്യത കുറവാണ് അതിനാൽ ടി.ഒ.മോഹനനെ നിർദേശിക്കുന്നു എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം.
കത്ത് വ്യാജമാണെന്ന് സണ്ണി ജോസഫ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. തുടർന്ന് കെപിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.
Kerala
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ രൂക്ഷപ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പരസ്യ പ്രസ്താവനകൾ നടത്തരുത്. ഇത് ലംഘിച്ചാൽ അച്ചടക്ക ലംഘനമായി കണക്കാക്കും.
പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് മാറി നിൽക്കണമെന്നും അല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇത്തരം പ്രസ്താവനകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടള്ളത്.
മുഖ്യമന്ത്രി ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസി കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിനെ വിമർശിച്ച് ലീഗ് രംഗത്തെത്തിയിരുന്നു.
National
ന്യൂഡൽഹി: ഏപ്രിൽ 16 മുതൽ 18 വരെ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കാൻ ബിജെപിക്കു പുറമെ എംപിമാർക്ക് വിപ്പ് നൽകി കോണ്‍ഗ്രസും.
സമ്മേളന കാലയളവിൽ സുപ്രധാന വിഷയങ്ങൾ സഭയിൽ ചർച്ചയ്ക്കും വോട്ടെടുപ്പിനും വിധേയമാകുമെന്നും അതിനാൽ എല്ലാ എംപിമാരും മൂന്നു ദിവസവും സമ്മേളനത്തിൽ പങ്കെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
2023 ലെ "നാരി ശക്തി വന്ദൻ അധി നിയം’ നടപ്പിലാക്കുന്നതിനുള്ള ഭേദഗതി ബില്ലിൽ പാർട്ടിയുടെ നിലപാടിനെ പിന്തുണയ്ക്കണമെന്നും എംപിമാരോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി തങ്ങളുടെ എംപിമാർക്ക് ഞായറാഴ്ച വിപ്പ് നൽകിയിരുന്നു.
District News
കട്ടപ്പന: പരാജയം ഉറപ്പായതോടെ എൽഡിഎഫ് പ്രകടന പത്രിക ദുർവ്യാഖ്യാനം ചെയ്ത് കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ് ജില്ലാ നോക്കൾ ആരോപിച്ചു. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെങ്കിൽ കോണ്‍ഗ്രസ് അധികാരത്തിൽ വരണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പ്രഖ്യാപിച്ചതോടെ പ്രതിരോധത്തിലായ കോണ്‍ഗ്രസ് തടിയൂരാനായി എൽഡിഎഫ് പ്രകടന പത്രികയെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണ്.
മലയോര കർഷകരെ കുടിയിറക്കാൻ കോണ്‍ഗ്രസ് കൊണ്ടുവന്ന ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാനുള്ള നീക്കമാണ് ചിലരുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ഇടുക്കിയിൽ ലക്ഷ്യമിടുന്നത്. ഇടുക്കിയിലെ 80 ശതമാനം സ്ഥലങ്ങളും വാസയോഗ്യമല്ലെന്നും ഇവിടം വിട്ടുപോകണമെന്നുമാണ് പരോക്ഷമായി ഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മാധ്യമങ്ങൾക്ക് മുന്പിൽ പറഞ്ഞിട്ടുള്ളത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഉരുൾപൊട്ടൽ മേഖലയിലെ തദ്ദേശവാസികൾക്ക് അപകട സാധ്യതകൾ ഒഴിവാക്കാൻ ശാസ്ത്രീയ പരിശീലനങ്ങളും മുന്നറിയിപ്പുകളും ബോധവത്കരണവും നടത്തുമെന്നാണ് എൽഡിഎഫ് പ്രകടന പത്രികയിൽ പറയുന്നത്. ഇതിനെയാണ് കോണ്‍ഗ്രസിലെ ചില നേതാക്കൾ തെറ്റായി വ്യാഖ്യാനിക്കുന്നത്. സംരക്ഷിത വനങ്ങളുടെ സംരക്ഷണം കാലങ്ങളായി തുടർന്നു വരുന്നതാണ്. വനത്തിനുള്ളിൽ ബഫർസോണ്‍ നിശ്ചയിച്ച് എക്കോ ടൂറിസവും വനവിഭവ ശേഖരണവും നടത്തുകയും വനത്തിന് പുറത്തേക്ക് വന്യജീവികൾ വരാതെ തടയുകയും ചെയ്യുക എന്ന ലക്ഷ്യമാണ് വന സംരക്ഷണംകൊണ്ട് പ്രകടനപത്രികയിൽ ഉദ്ദേശിച്ചിട്ടുള്ളത്.
ഇടുക്കിയിൽ ജനങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കുന്നതിനാവശ്യമായ നിയമ നിർമാണങ്ങളാണ് എൽഡിഎഫ് സർക്കാർ നിർമിച്ചിട്ടുള്ളത്. 45,000 പേർക്ക് പട്ടയം നൽകി, നിർമാണ നിരോധനം നീക്കി, നിലവിലുള്ള കെട്ടിടങ്ങൾക്ക് നിയമസാധുത ഉറപ്പാക്കി യഥേഷ്ടം നിർമാണങ്ങൾ നടത്തുന്നതിനും ജീവനോപാധി കണ്ടെത്തുന്നതിനും പൂർണ സ്വാതന്ത്ര്യം നൽകിയാണ് ഈ സർക്കാർ കാലാവധി പൂർത്തിയാക്കുന്നത്. ഇടുക്കിയിലെ അഞ്ചു സീറ്റും എൽഡിഎഫ് ഉറപ്പിച്ചുകഴിഞ്ഞുവെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, കേരള കോണ്‍ഗ്രസ് - എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.ആർ. സജി, ഏരിയ സെക്രട്ടറി മാത്യു ജോർജ്, എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി കണ്‍വീനർ സി.എസ്. അജേഷ് എന്നിവർ പത്ര സമ്മേളനത്തിൽ അവകാശപ്പെട്ടു.
Kerala
തിരുവനന്തപുരം: കെ.സി.വേണുഗോപാൽ എംപിക്കെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കൈരളി ന്യൂസിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. വേണുഗോപാൽ പണം കൈപ്പറ്റുന്നുവെന്നു തോന്നിപ്പിക്കും വിധം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി.
എഐസിസി നിയമ വിഭാഗം ചെയർമാൻ അഭിഷേക് സിംഗ്വിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പൊതുജനങ്ങൾക്കിടയിൽ കെ.സി. വേണുഗോപാലിന്റെ പ്രതിച്ഛായ തകർക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണിത്.
വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഈ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. സംഭവത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ ആലപ്പുഴ നോർത്ത് പോലീസിലും പരാതി നൽകി.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ഔദ്യോഗികമായി പുറത്തിറക്കി. വിളവങ്കോട് മണ്ഡലത്തിൽ ടി.ടി. പ്രവീണിനെയാണ് പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സിഎസ്ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറിയാണ് ടി.ടി. പ്രവീൺ.
മണ്ഡലത്തിൽ വർഷങ്ങളായി കോൺഗ്രസ് പ്രതിനിധിയായിരുന്ന വിജയധരണി ബിജെപിയിൽ ചേർന്നതോടെ ഉണ്ടായ വിടവ് നികത്താൻ ശക്തനായ ഒരു സ്ഥാനാർത്ഥി ആവശ്യമായിരുന്നു. വിജയധരണി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ, സമുദായ വോട്ടുകൾ ബിജെപിയിലേക്ക് പോകാതെ തടയാൻ പ്രവീണിനെപ്പോലൊരാൾക്ക് സാധിക്കുമെന്ന് പാർട്ടി കരുതുന്നു.
കേരളത്തോടും തമിഴ്നാടിനോടും ഒരുപോലെ ബന്ധപ്പെട്ടു കിടക്കുന്ന മണ്ഡലമാണ് വിളവങ്കോട്. മലയാളം സംസാരിക്കുന്നവരും തമിഴ് സംസാരിക്കുന്നവരും ഇവിടെ ധാരാളമുണ്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള മഹായിടവകയുടെ സെക്രട്ടറിയെന്ന നിലയിൽ ഇരുഭാഷക്കാരോടും സംവദിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അതിർത്തി മേഖലകളിൽ ഗുണകരമാകും.
Kerala
തൃശൂർ: ഗീബൽസിനു പുനർജൻമമുണ്ടായാൽ കോണ്‍ഗ്രസ് നേതാക്കൾക്കു ദക്ഷിണ വയ്ക്കുമായിരുന്നെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇഎംഎസിനും എകെജിക്കുമെതിരേ ജനസംഘവുമായി ഡീൽ ഉണ്ടാക്കിയ ചരിത്രമുള്ള കോണ്‍ഗ്രസാണ് ഇപ്പോൾ പിണറായി വിജയൻ ഡീൽ ഉണ്ടാക്കുന്നെന്ന ആരോപണവുമായി രംഗത്തു വരുന്നത്. തൃശൂർ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്തു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ രാഷ്ട്രീയ സംസ്കാരമുണ്ടാകണം. വയനാട്ടിൽ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പിരിച്ച പണത്തിന്റെ കണക്കെവിടെയെന്ന ചോദ്യത്തിനു മറുപടിയില്ല. വി.ഡി. സതീശൻ നിർമിച്ചതുപോലെ എത്ര വീടുകൾ വേണമെങ്കിലും മൈക്കിലൂടെ നിർമിക്കാം. സിപിഎം സമാഹരിച്ച പണം വെട്ടിച്ചെന്നാണ് കോണ്‍ഗ്രസ് നേതാവ് ആരോപണം ഉന്നയിച്ചത്. ബുധനാഴ്ച രാത്രിതന്നെ കണക്കുകൾ സിപിഎം പുറത്തുവിട്ടു.
ഇന്ത്യമുന്നണിയെ ഒന്നിച്ചു നിർത്താൻ സിപിഎം വളരെയേറെ ശ്രമിച്ചിട്ടുണ്ട്. ഒന്നിച്ചു മത്സരിക്കാൻ കഴിയാത്ത ഇടങ്ങളിൽ പരസ്പരം ആക്രമിക്കുന്നതിൽനിന്നു വിട്ടു നിൽക്കണമെന്നും ബിജെപിക്ക് മുതലെടുപ്പിന് അവസരമുണ്ടാക്കരുതെന്നുമാണ് ധാരണ. ഇതു കോണ്‍ഗ്രസ് തെറ്റിച്ചു. കേസ് കെട്ടിച്ചമച്ചിട്ടും പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇഡിക്ക് കഴിഞ്ഞില്ല.
നിർഭാഗ്യവശാൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തു. നിയമസഭയിലേക്കും പാർലമെന്റിലേക്കും ബിജെപി ജയിച്ചപ്പോൾ കോണ്‍ഗ്രസ് വോട്ടുകൾക്ക് എന്തു സംഭവിച്ചെന്നു കണക്കുകൂട്ടാൻ അറിയുന്നവർക്കു മനസിലാകും.
പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്നാണ് എഫ്സിആർഎ നിയമം പാർലമെന്റ് പരിഗണിക്കാതിരുന്നത്. വിവിധ വിഭാഗം ജനങ്ങൾക്കുനേരെ ജനാധിപത്യ വിരുദ്ധമായി ആക്രമിക്കുകയെന്നതാണ് ബിജെപി നയം. വോട്ട് നോക്കിയല്ല സിപിഎം നിലപാട് എടുക്കുന്നത്.
മരാമണ്‍ കണ്വൻഷൻ അലങ്കോലപ്പെടുത്താൻ ചെന്ന ആർഎസ്എസിനെ തടഞ്ഞത് നായനാർ സർക്കാരാണ്. കഴിഞ്ഞ പത്തുവർഷം ഇന്ത്യയിൽ വർഗീയ ആക്രമണങ്ങൾ ഉണ്ടാകാത്ത ഏക സംസ്ഥാനം കേരളമാണ്. ഇന്ദിരാ ഗാന്ധിയുടെ ഗരീബി ഹഠാവോയ്ക്ക് ശേഷം ദാരിദ്യ്ര നിർമാർജനം അജൻഡയാക്കിയത് ഇടതുപക്ഷം മാത്രമാണ്.
30 വർഷം രാജ്യത്ത് അധികാരത്തിലിരുന്നിട്ടും ദാരിദ്യ്രം ഇല്ലാതാക്കാൻ കോണ്‍ഗ്രസിനും 10 വർഷമായി മോദിക്കും കഴിഞ്ഞില്ല. പ്രകടന പത്രികയെന്നത് ഇടതു മുന്നണിക്ക് പ്രവർത്തന പത്രികയാണ്. പാർട്ടിക്കൊപ്പം നിന്നവർ പുറത്തുപോയി മത്സരിച്ചതിനെക്കുറിച്ചു തെരഞ്ഞെടുപ്പിനുശേഷം ചർച്ച ചെയ്യുമെന്നും കോണ്‍ഗ്രസിലേതു പോലെ സാധാരണ പ്രവണതയല്ല ഇതെന്നും ബേബി പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭയുടെ അംഗസംഖ്യ 50 ശതമാനമായി വർധിപ്പിക്കുന്ന ബിൽ ബുൾഡോസ് ചെയ്യാൻ മോദി സർക്കാർ നിർദേശിക്കുന്നുണ്ടെന്നും ഇത്തരമൊരു ബിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു ദോഷകരമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്.
ഓരോ സംസ്ഥാനത്തിനും അനുവദിക്കപ്പെട്ട സീറ്റുകളുടെ എണ്ണത്തിലും 50 ശതമാനം വർധനവ് വരുത്താൻ നിർദേശമുണ്ടെന്നും ഇതു യഥാർഥത്തിൽ വഞ്ചനാപരമാണെന്നും ജയ്റാം കുറ്റപ്പെടുത്തി.
നിലവിലെ അനുപാതങ്ങൾ മാറില്ലെങ്കിലും ആഴത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാകും. ഉദാഹരണത്തിന്, ഉത്തർ പ്രദേശിൽ നിലവിൽ 80 സീറ്റുകളും തമിഴ്നാട്ടിൽ 39 സീറ്റുകളുമാണുള്ളത്. നിർദിഷ്ട ബില്ലിലൂടെ ഉത്തർപ്രദേശിന്റെ അംഗസംഖ്യ 120ലേക്ക് കുതിക്കും.
തമിഴ്നാട്ടിലാകട്ടെ പരമാവധി 59 വരെ മാത്രമേ എത്തൂ. ഇതുപോലെതന്നെ കേരളത്തിലെ ലോക്സഭാ സീറ്റുകൾ 20ൽനിന്ന് 30ലേക്ക് എത്തുമെങ്കിലും ബിഹാറിൽ 40ൽനിന്ന് 60ലേക്ക് ഉയരും. മൊത്തത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ 66 സീറ്റുകൾ നേടുന്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ 200 സീറ്റുകൾ നേടും.-ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
തെക്ക്, വടക്കുകിഴക്കൻ, പശ്ചിമ മേഖലകളിലെ ചെറിയ സംസ്ഥാനങ്ങൾക്കു ദോഷകരമാകുന്ന നിയമം തയാറാക്കാൻ മോദി ഏകപക്ഷീയമായി തയാറെടുക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി.
തെലുങ്കാന മുഖ്യമന്ത്രി ഇതിനോടകം അപകടത്തിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും നിർദേശം ഔദ്യോഗികമാകുന്പോൾ മറ്റുള്ളവരും ഒപ്പം ചേരുമെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: തളിപ്പറമ്പിൽ കോൺഗ്രസ് പ്രവർത്തകരും വിമത സ്ഥാനാർഥിയും തമ്മിൽ വാക്കേറ്റം. ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തുന്നതിൽനിന്നും വിമത സ്ഥാനാർഥിയെ തടഞ്ഞു. സ്ഥാനാർഥി കൊയ്യം ജനാർദ്ദനനെയാണ് കോണ്‍ഗ്രസുകാർ തടഞ്ഞത്.
വിമത സ്ഥാനാർഥി ആയതോടെ കെപിസിസി അംഗമായ കൊയ്യം ജനാർദ്ദനനെ കോണ്‍ഗ്രസിൽ നിന്നു പുറത്താക്കിയിരുന്നു. കെപിസിസി, ഡിസിസി പ്രസിഡന്റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങാതിരുന്നതോടെയാണ് കെപിസിസി അംഗത്തെ പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഫോണില്‍ നേരിട്ട് സംസാരിച്ചെങ്കിലും കൊയ്യം ജനാര്ദ്ദനന് തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിക്കുകയായിരുന്നു.
National
ഗുവാഹത്തി: ബിജെപി നേതാവും ആസാം കായിക മന്ത്രിയുമായ നന്ദിത ഗര്‍ലോസ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹാഫ്ളോംഗില്‍ നടന്ന ചടങ്ങില്‍ നന്ദിത കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നന്ദിത ബിജെപി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഞായറാഴ്ച നന്ദിതയുടെ വീട്ടിലെത്തിയിരുന്നു. ഹാഫ് ലോംഗിൽ നിന്ന് നന്ദിത കോൺഗ്രസ് സ്ഥാനാർഥിയായി ജനവിധിതേടും.
നേരത്തെ ഇവിടെ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റാനാണ് തീരുമാനം. ഏപ്രിൽ ഒമ്പതിനാണ് ആസാമിൽ തെരഞ്ഞെടുപ്പ്. 19 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇക്കുറി ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇതില്‍ പലരും വിമതരായി മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്.
National
ന്യൂഡൽഹി: ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ ആക്രമണം തുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും ആക്രമണങ്ങളെ അപലപിക്കാത്ത മോദിസർക്കാരിനെ വിമർശിച്ചു കോണ്‍ഗ്രസ്.
ആക്രമണങ്ങളെ അപലപിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്താത്ത മോദിസർക്കാരിന്റേതു ഇന്ത്യയുടെ സാംസ്കാരികമൂല്യങ്ങളോടുള്ള വഞ്ചനയാണെന്നും ധാർമികമായ ഭീരുത്വമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ ആക്രമണം ആരംഭിച്ചിട്ട് 21 ദിവസമായി.ആക്രമണം ഇന്ത്യയുൾപ്പെടെയുള്ള എല്ലായിടത്തും സാന്പത്തിക തകർച്ചയ്ക്കു കാരണമായിട്ടുണ്ട്. ഇറാനിലെ ഉന്നതനേതാക്കളെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളെയും ഇറാനിൽ നിർബന്ധിതമായി ഭരണമാറ്റം കൊണ്ടുവരുന്നതിനു നടത്തിയ ക്രൂരമായ ശ്രമങ്ങളെയും മോദിസർക്കാർ അപലപിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല.
ഇറാനെതിരേയുള്ള ആക്രമണങ്ങളും ഇറാൻ ഗൾഫ് രാജ്യങ്ങളിലെ ഊർജമേഖലയിൽ നടത്തിയ ആക്രമണങ്ങളും ഉടനടി തടയാൻ ഗൗരവമായ നയതന്ത്രശ്രമങ്ങൾ മോദിസർക്കാർ നടത്തിയിട്ടില്ല.
യുഎസ് പ്രസിഡന്റുമായും ഇസ്രയേൽ പ്രധാനമന്ത്രിയുമായും പ്രധാനമന്ത്രിക്ക് ഉണ്ടെന്നു വലിയരീതിയിൽ അവകാശപ്പെടുന്ന സൗഹൃദം വെടിനിർത്തൽ കൊണ്ടുവരാനായി ഉപയോഗിച്ചിട്ടില്ലെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് ഒട്ടേറെ സ്ഥലങ്ങളിൽ എതിർപ്പ്. പലയിടങ്ങളിലും പ്രതിഷേധം അതിരുവിട്ടതിനെത്തുടർന്ന് സ്ഥാനാർഥി പ്പട്ടികയിൽ ഉണ്ടായിരുന്നവർ പാർട്ടി വിടുന്ന സാഹചര്യവുമുണ്ടായി.
ചിറയിൻകീഴിൽ യുഡിഎഫി സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ബി.എസ്. അനൂപ് ബിജെപി സ്ഥാനാർഥിയായി. നേമത്ത് സ്ഥാനാർഥിപ്പട്ടികയിൽ പരിഗണിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു പാർട്ടി വിട്ടു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് എതിരേയാണ് നുസൂർ ആരോപണങ്ങൾ ഉന്നയിച്ചത്.
പാറശാലയിൽ നെയ്യാറ്റിൻകര സനലിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നു മുൻ കോണ്‍ഗ്രസ് എംഎൽഎ എ.ടി. ജോർജ് പ്രഖ്യാപിച്ചു.
സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ചടയമംഗലത്തെ കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായ അരുണ്‍രാജ് ബിജെപിയിൽ ചേർന്നു.
സിപിഎമ്മിൽ നിന്നെത്തി ഒറ്റപ്പാലം സീറ്റ് കൈക്കലാക്കിയ പി.കെ. ശശിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി.
Kerala
തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വേഗതയിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടീം യുഡിഎഫ് എന്നത് അക്ഷരാർഥത്തില്‍ അടിവരയിടുന്നതായിരുന്നു യുഡിഎഫിലെ സീറ്റ് വിഭജനമെന്നും സതീശൻ പറഞ്ഞു.
കേരള കോണ്‍ഗ്രസ് താല്‍ക്കാലികമായിട്ടാണെങ്കിലും ചില വിട്ടുവീഴ്ചകള്‍ ചെയ്തു. എല്ലാവരെയും ഉള്‍ക്കൊണ്ടാണ് യുഡിഎഫ് മുന്നോട്ട് പോയത്. കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തു വരാന്‍ മൂന്നു ദിവസം എടുത്തെന്നതാണ് വാര്‍ത്ത. പണ്ടൊക്കെ എത്ര ദിവസമാണ് എടുത്തിരുന്നതെന്നും സതീശൻ ചോദിച്ചു.
സിപിഎം തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ഇരുന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നതു പോലെയല്ല കോണ്‍ഗ്രസിന്റെ നടപടിക്രമം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലപ്പെടുത്തിയ നേതാക്കള്‍ ഡല്‍ഹിയില്‍ മധുസൂദന്‍മിസ്ത്രി ചെയര്‍മാനായ സ്ക്രീനിംഗ് കമ്മിറ്റിക്ക് മുന്നില്‍ സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിക്കണം. അതിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലാകാര്‍ജുര്‍ ഖാര്‍ഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റിയാണ് തീരുമാനം എടുക്കുന്നത്.
ആദ്യ ദിവസം തന്നെ 50 സ്ഥാനാർഥികളെ പ്രഖ്യാപിക്കാന്‍ തയാറായിരുന്നെങ്കിലും മധുസൂദന്‍മിസ്ത്രിയ്ക്ക് ഡല്‍ഹിയില്‍ എത്താനായില്ല. ആരോഗ്യപ്രശ്നമായിരുന്നു കാരണമെന്ന് എല്ലാ മാധ്യമങ്ങള്‍ക്കും അറിയാമായിരുന്നു. പിന്നീടുള്ള 48 മണിക്കൂറിനുള്ളില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ചു.
ചില ചാനലുകള്‍ കഴിഞ്ഞ കുറെ ദിവസമായി ഇല്ലാത്ത വാര്‍ത്തകളുണ്ടാക്കി കോണ്‍ഗ്രസിനെ ആക്രമിക്കുകയാണ്. ഒരു ചാനല്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാല്പതോളം വ്യാജ വാര്‍ത്തകളാണ് കോണ്‍ഗ്രസിനെതിരെ ഉണ്ടാക്കിയത്. അന്തരീക്ഷത്തില്‍ നിന്നും ഇല്ലാത്ത വാര്‍ത്തയുണ്ടാക്കി. നുണ ബോംബുകള്‍ക്ക് രണ്ട് മണിക്കൂറത്തെ ആയുസ് പോലും ഉണ്ടായില്ല.
തന്റെ ഔചിത്യം കൊണ്ട് ആ ചാനലിന്റെ പേര് പറയുന്നില്ല. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്ന വാര്‍ത്ത ആദ്യം ചില ചാനലുകള്‍ നല്കി. പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തു. അപ്പോഴും ഞങ്ങള്‍ തീരുമാനം എടുത്തിട്ടില്ല. രാത്രിയായപ്പോള്‍ മത്സരിക്കില്ലെന്ന് വാര്‍ത്ത നല്കി. അപ്പോഴും അതുസംബന്ധിച്ച് കോണ്‍ഗ്രസ് തീരുമാനം എടുത്തിട്ടില്ല.
കോണ്‍ഗ്രസില്‍ കുഴപ്പമാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് നിങ്ങള്‍ വാര്‍ത്ത നല്‍കിയത്. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്നും ഹൈക്കമാന്‍ഡ് കീഴടങ്ങിയെന്നും സുധാകരനെ സ്ഥാനാർഥിയാക്കിയാല്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജവയ്ക്കുമെന്ന് വി.ഡി സതീശന് പറഞ്ഞെന്നും ഇന്നലെ രാവിലെ വീണ്ടും വാര്‍ത്ത നല്കി.
ഞാന്‍ നേതൃസ്ഥാനം രാജിവയ്ക്കുമെന്ന വാര്‍ത്ത നിങ്ങള്‍ക്ക് എവിടെ നിന്നാണ് കിട്ടിയത്? എന്തൊരു മര്യാദകേടാണ് ചെയ്തത്? വിശ്വാസ്യതയുള്ള മുഖ്യധാര ചാനലുകളും ഈ വാര്‍ത്ത ഏറ്റെടുത്തു. കഴിഞ്ഞ 48 മണിക്കൂര്‍ ആ നേതാക്കളെ നിങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിച്ചു. നിങ്ങള്‍ കോണ്‍ഗ്രസിനോട് ഇത്രയും ക്രൂരത കാട്ടരുത്.
എകെജി സെന്ററില്‍ നിന്നും പണം പറ്റുന്ന ചില ചാനലുകള്‍ക്കൊപ്പം മുഖ്യധാരാ മാധ്യമങ്ങള്‍ ചേരരുത്. എകെജി സെന്ററില്‍ നിന്നും പണം പറ്റുന്ന ചാനലുകള്‍ എനിക്കെതിരെ പറഞ്ഞാല്‍ കുഴപ്പമില്ല. അതിനെ നേരിടാനുള്ള കരുത്ത് എനിക്കുണ്ട്. പക്ഷെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഇല്ലാത്ത വാര്‍ത്തകള്‍ നല്കി അധിക്ഷേപിക്കാമെന്നു കരുതേണ്ട. ഈ വര്‍ത്തകള്‍ കൊണ്ടൊന്നും ഞങ്ങള്‍ തോല്‍ക്കില്ല.
നൂറില്‍ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ച് വരും. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വികാരം ഉള്‍ക്കൊണ്ട് ടീം യുഡിഎഫ്അധികാരത്തില്‍ എത്തും. ചാനല്‍ വാര്‍ത്തകള്‍ക്കും അപ്പുറത്ത് ജനഹൃദയങ്ങളില്‍ യുഡിഎഫുണ്ട്. ഈ സര്‍ക്കാരിനെ താഴെ ഇറക്കണമെന്ന ആഗ്രഹം ജനങ്ങള്‍ക്കുണ്ട്. യുഡിഎഫ് തിരിച്ച് വരിക തന്നെ ചെയ്യും. ഒരു നുണ ബോംബുകള്‍ക്കും കോണ്‍ഗ്രസിനെയോ യുഡിഎഫിനെയോ തകര്‍ക്കാനാകില്ല.
എംപിമാര്‍ മത്സരിക്കണമോ വേണ്ടയോ എന്ന് എല്ലാ കാലത്തും തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്. ആസാമിലെയും പോണ്ടിച്ചേരിയിലേയും തമിഴ്നാട്ടിലെയും സിഇസി നടക്കുന്ന സമയത്താണ് കേരളത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയത്. പോയ എല്ലാ സമയത്തും കേരളത്തിലെ നേതാക്കളുമായി ചര്‍ച്ചയില്‍ ആയിരുന്നില്ല. ഇതെല്ലാം അറിയാമായിരുന്നിട്ടും മര്യാദ ഇല്ലായ്മയുടെ മാക്സിമമാണ് ചാനലുകള്‍ ചെയ്തത്.
നിങ്ങള്‍ നല്കിയ വാര്‍ത്തകള്‍ നിങ്ങള്‍ തന്നെ ഒന്ന് കണ്ടു നോക്ക്. നിങ്ങള്‍ക്കെങ്കിലും നാണം വരട്ടെ. കെ. സുധാകരന് മാധ്യമങ്ങളോട് എന്തെങ്കിലും പറഞ്ഞോ? പാര്‍ട്ടിയേക്കാള്‍ വലുതല്ല ഞാനെന്ന ഒറ്റ വാചകം മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്നിട്ടും എന്തിനാണ് അദ്ദേഹത്തെ നിങ്ങള്‍ അധിക്ഷേപിച്ചത്. കൊച്ചയിലെ കാര്യത്തില്‍ കെ.സി. വേണുഗോപാലും സതീശനും തമ്മില്‍ വഴക്ക്, സതീശന് ഇറങ്ങിപ്പോയി എന്നു പോലും വാര്‍ത്ത നല്കി. ഞങ്ങള്‍ തമ്മില്‍ വഴക്ക് നടന്നെന്ന വാര്‍ത്ത നല്‍കിയവരെ ഓര്‍ത്ത് ഞങ്ങള്‍ ഒന്നിച്ചിരുന്ന് ചിരിക്കുകയായിരുന്നു. കൊച്ചിയിലെ സീറ്റ് ഞങ്ങള്‍ ഒന്നിച്ചാണ് തീരുമാനിച്ചത്.
സ്ഥാനാർഥിത്വം വൈകിയെന്ന വാക്ക് ഇനി ഉപയോഗിക്കരുത്. വാര്‍ത്ത നിങ്ങള്‍ ഉണ്ടാക്കിയതാണ്. അല്ലാതെ ഒരു നേതാക്കളും ഒന്നും പ്രതികരിച്ചില്ല. സീറ്റിന് അര്‍ഹതയുള്ള ഒന്നിലധികം പേരുണ്ട്. ചരിത്രം നോക്കിയാല്‍ അത് തന്നെ എത്രയോ കുറവാണ്. 2001 ല്‍ ഡല്‍ഹിയില്‍ നിന്നും തീരുമാനിച്ച മൂന്ന് സ്ഥാനാര്‍ഥികളെയാണ് മാറ്റിയത്. അതൊക്കെ ഇപ്പോള്‍ സിപിഎമ്മിലാണ് സംഭവിച്ചത്.
ഒരാളെ ഒരു സീറ്റില്‍ സ്ഥാനാർഥിയാക്കിയിട്ട് അയാള്‍ ഇറങ്ങില്ലെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് അതൊന്നും വലിയ വാര്‍ത്തയല്ല. എന്നിട്ട് അയാള്‍ക്ക് വേറെ സീറ്റ് നല്കി. ആ പ്രശ്നമൊന്നും ഞങ്ങള്‍ക്കുണ്ടായില്ല. വിമതരൊക്കെ എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. അതൊക്കെ വൈകാരികമായ തീരുമാനങ്ങളാണ്. അതൊക്കെ നേരില്‍ കണ്ടോ ഫോണില്‍ വിളിച്ചോ തീര്‍ക്കാവുന്നതേയുള്ളൂ.
സാമൂഹികഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. 48 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിളെ തീരുമാനിച്ച പാര്‍ട്ടിയില്‍ എന്ത് അനിശ്ചിതത്വം ഉണ്ടായെന്നാണ് പറയുന്നത്. മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.
എല്‍ഡിഎഫിന്റെ തിരുവനന്തപുരം സെന്‍ട്രലില്‍ ആരാണ് സ്ഥാനാര്‍ഥി? അതൊക്കെ ഇടയ്ക്ക് വാര്‍ത്തയാക്കണം. ബിജെപിയുടെ എല്ലാ സ്ഥാനാര്‍ഥികളും വന്നോ? അതൊക്കെ സംബന്ധിച്ച വാര്‍ത്തകള്‍ കൊടുക്കുന്നത് വളരെ കുറവാണ്. ഇങ്ങോട്ട് മാത്രമാണ് ഫോക്കസെന്നും സതീശൻ ആരോപിച്ചു.
Kerala
പാലക്കാട്: മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് ഇന്നു കോണ്‍ഗ്രസില്‍ ചേരും. രാവിലെ 9.30ന് ഡിസിസി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അംഗത്വം നല്കുമെന്നു ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന് അറിയിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിച്ച പുതുയുഗയാത്രയ്ക്കു പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്തുനടന്ന സമാപനസമ്മേളനത്തില്‍ സുരേഷ് പങ്കെടുത്തിരുന്നു. കഴിഞ്ഞ 13 വര്‍ഷമായി സിപിഎമ്മില്‍നിന്നു വിട്ടുനിന്ന സുരേഷ് പാര്‍ട്ടിയുടെ ചെയ്തികളില്‍ മനംമടുത്താണു പാര്‍ട്ടിവിട്ടത്.
മലമ്പുഴ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് സുരേഷ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്നത്.
Kerala
തിരുവനന്തപുരം: മുന്‍ എംപി രമ്യാ ഹരിദാസിനെ ചിറയിന്‍കീഴില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ കോൺഗ്രസിൽ പ്രതിഷേധം. കോഴിക്കോട് ജില്ലക്കാരിയായ രമ്യയെ ചിറയിന്‍കീഴില്‍ കെട്ടിയിറക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം എഐസിസി നേതൃത്വത്തിന് പരാതി നല്കി.
അടൂര്‍ പ്രകാശ് എംപി തിരുവനന്തപുരത്തെ പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തുകയാണ്. രമ്യ ഭയന്നോടിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഗ്രൗണ്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാതെ പാട്ടുംപാടി കറങ്ങി നടന്ന് തോറ്റയാളാണ് രമ്യാ ഹരിദാസെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
രമ്യാ ഹരിദാസിന് സീറ്റ് നല്‍കുന്നത് ജില്ലയിലെ ദളിത് പ്രവര്‍ത്തകരെ അവഹേളിക്കുന്നതിന് തുല്യമാണ്. സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നൽകിയ നേതാക്കളെ തഴയരുതെന്നും പരാതിയിൽ പറയുന്നു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം. പെരുമ്പാവൂരിൽ എൽദോസിന് സീറ്റ് നൽകണമെന്ന് ഒരു വിഭാഗം പറയുമ്പോൾ മറുവിഭാഗം ഇതിനെ എതിർക്കുകയാണ്.
തൃപ്പൂണിത്തുറയിലും പാലക്കാട്ടും ഒഴികെ സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് എൽദോസ് കുന്നപ്പിള്ളിൽ വീണ്ടും മത്സരിക്കുന്നതിൽ പ്രാദേശിക ഘടകങ്ങൾ എതിർത്ത് രംഗത്തെത്തിയത്.
എംഎൽഎയ്ക്കെതിരെയുള്ള പീഡന കേസടക്കം ചൂണ്ടിക്കാട്ടി ചില പരാതികളും പാർട്ടിക്ക് മുന്നിലെത്തിയിരുന്നു. ഇതാണ് കോൺഗ്രസ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനെ സ്ഥാനാർഥിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
എൽദോസിനെ മാറ്റി എ ഗ്രൂപ്പുകാരനായ മനോജ് മൂത്തേടന് സീറ്റ് കൊടുക്കാനുള്ള നീക്കത്തിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിലാണ്. എൽദോസിനെ മാറ്റുകയാണെങ്കിൽ ഐ ഗ്രൂപ്പുകാരനായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന് സീറ്റ് നൽകണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കുമെന്ന കെ.സുധാകരന്റെ പ്രഖ്യാപനം കോൺഗ്രസിൽ കല്ലുകടി. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും വ്യക്തമാക്കി.
ഇതിൽ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്തേക്ക് പ്രകടനം നടത്താനൊരുങ്ങിയ അണികളെ സുധാകരൻ ഇടപെട്ട് പിന്തിരിപ്പിച്ചു. നേതാക്കൾ സംസാരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ഒഴിവാക്കാൻ സുധാകരൻ ഇടപെട്ടത്. അതേസമയം മത്സരിക്കുമെന്ന തീരുമാനത്തിൽ സുധാകരൻ ഉറച്ചു നിൽക്കുകയാണ്.
എംപിമാരിൽ സുധാകരന് മാത്രം ഇളവ് നൽകിയാൽ കൂടുതൽ പേർ അവകാശവാദം ഉന്നയിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ഡൽഹിയിലുള്ള സുധാകരനുമായി സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ബന്ധപ്പെട്ടു.
National
ന്യൂഡൽഹി: ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയം ഇപ്പോൾ “പഴങ്കഥ’’യായെന്ന വിമർശനവുമായി കോണ്‍ഗ്രസ്. ഇപ്പോഴുള്ളത് വിദേശനയമോ നയതന്ത്രമോ അല്ലെന്നും മറിച്ച് ആലിംഗനതന്ത്രമാണെന്നും (ഹഗ്ഗോമസി) കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പരിഹസിച്ചു.
എല്ലാവരെയും ആലിംഗനം ചെയ്യുകയും അവർ നിങ്ങളുടെ വ്യക്തിഗത സുഹൃത്തുക്കളാണെന്ന് കാണിക്കുകയും ചെയ്യുന്നതാണ് ആലിംഗനതന്ത്രമെന്നും എഐസിസി ജനറൽ സെക്രട്ടറി കൂടിയായ ജയ്റാം വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെയും ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിന്റെയും, റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുന്നതിന്റെയും പ്രഖ്യാപനങ്ങൾ ആദ്യം അമേരിക്കയിൽനിന്ന് വന്നത് വിദേശനയത്തിന്റെ പരാജയമായി ജയ്റാം ചൂണ്ടിക്കാണിച്ചു. എന്തുകൊണ്ടാണ് അവർ നമ്മുടെ ജനങ്ങളെ വിശ്വാസത്തിലെടുക്കാത്തതെന്നും ജയ്റാം ചോദിച്ചു.
അതേസമയം വിദേശനയം മുതൽ ധനകാര്യം വരെ രാജ്യത്തെ സംബന്ധിക്കുന്ന സർവതും പ്രധാനമന്ത്രി എന്ന ഒരൊറ്റയാളാണ് നിയന്ത്രിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നരേന്ദ്ര മോദിയെയും ജയ്റാം രമേശ് വിമർശിച്ചു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി കോൺഗ്രസ്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഞായാറാഴ്ച ഡൽഹിയിലേക്ക് തിരിക്കും.
സിറ്റിംഗ് എംഎൽഎമാരടക്കമുള്ള ആദ്യ ഘട്ട പട്ടികയിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. അതേസമയം 11 സീറ്റ് ആവശ്യപ്പെട്ട് പട്ടിക കൈമാറിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് പകുതിയായി ചുരുക്കാനാണ് എഐസിസി നിര്‍ദ്ദേശിച്ചത്.
പാലക്കാടും തൃപ്പൂണിത്തുറയും ഒഴികെ 20 സിറ്റിംഗ് സീറ്റുകളിലും എംഎൽഎമാരെ മത്സരിപ്പിക്കാനാണ് ധാരണ. ഇത് കൂടാതെ ഒറ്റപ്പേര് മാത്രമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും തീരുമാനമുണ്ടാകും.
വട്ടിയൂര്‍ക്കാവിൽ കെ. മുരളീധരൻ, തൃത്താലയിൽ വി.ടി. ബൽറാം, മണലൂരിൽ ടി.എൻ. പ്രതാപൻ എന്നിവരെ സ്ഥാനാര്‍ഥിയാക്കാൻ ധാരണയായിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് സ്ഥാനാര്‍ഥിയാകും.
Kerala
കോഴിക്കോട്: മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്യു നേതാവ് ബിതുല്‍ ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. ബോംബേറ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണോ.
മുഖ്യമന്ത്രി ഇതിനു മറുപടി പറയണമെന്ന് ഷാഫി പറഞ്ഞു. ബോംബെറിഞ്ഞതിന് പിന്നിൽ സിപിഎമ്മാണെന്ന് എല്ലാവർക്കും അറിയാം. പോലീസ് ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. പോലീസ് സിപിഎമ്മിന്റെ പോഷക സംഘടനയാണോയെന്നും എംപി ചോദിച്ചു.
കോഴിക്കോട് വടകര തിരുവള്ളൂരുള്ള ബിതുൽ ബാലന്റെ വീട് ഷാഫി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കെഎസ്യു പ്രതിഷേധത്തിൽ പ്രവർത്തകരുടെ ഒരു നിഴൽപോലും മന്ത്രിയുടെ ശരീരത്തിൽ സ്പർശിച്ചിട്ടില്ലെന്ന് വ്യക്തമാണ്.
മന്ത്രിയുടെ കള്ളപ്രചാരണമാണ് പുലർച്ചെ ബിതുലിന്റെ വീട്ടിൽ നടന്ന ബോംബേറിന് കാരണമായത്. അക്രമം നടക്കുമ്പോൾ വീട്ടിൽ കിടന്നുറങ്ങിയിരുന്ന ബിതുലിന്റെ അമ്മയോട് ആരോഗ്യമന്ത്രിയ്ക്ക് എന്താണ് പറയാനുള്ളതെന്നും ഷാഫി ചോദിച്ചു.
മന്ത്രിയുടെ കഴുത്തിന് പിടിച്ച് തിരിക്കുന്ന ദൃശ്യങ്ങള്‍ എവിടെയാണ്. ഗണ്മാന് മന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് കെഎസ്യു പ്രവര്‍ത്തകരുടെ വീട്ടിലല്ല. എം.വി. ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം. അക്രമ സംഭവങ്ങളുടെ ഉത്തരവാദി എം.വി. ഗോവിന്ദനാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ മത്സരിക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് മുതിർന്ന നേതാവ് എ.കെ.ആന്റണി മറിയ ഉമ്മനുമായി സംസാരിച്ചതായി റിപ്പോർട്ടുകളുണ്ട്.
നിലവിൽ കേരള കോൺഗ്രസ് - എമ്മിന്റെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ മറിയ ഉമ്മനെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹവും അടുപ്പവും ഗുണം ചെയ്യുമെന്നാണ് നിഗമനം.
മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ മറിയ ഉമ്മൻ പ്രതികരിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് മറിയ ഉമ്മൻ ഒരു മാധ്യമത്തോടു പറഞ്ഞു. മതമേലധ്യക്ഷന്മാരെ കണ്ടതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അവർ പറഞ്ഞു.
2011 മുതൽ ഡോ.എൻ ജയരാജാണ് കാഞ്ഞിരപ്പള്ളി എംഎൽഎ. തങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരാളെ മത്സരരംഗത്തുണ്ടാവൂവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞിരുന്നു.
District News
മട്ടന്നൂർ: മന്ത്രിയെ മാരകമായി ആക്രമിച്ചുവെന്ന കള്ള പ്രചാരണം നടത്തി ക്രിമിനലുകളെ ഇളക്കിവിട്ട് നാടാകെ അക്രമം അഴിച്ചുവിടാൻ ആഹ്വാനം ചെയ്ത സിപിഎം നേതാക്കളും നേതാക്കന്മാരുടെ ആഹ്വാനമനുരിച്ച് കോൺഗ്രസ് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും ആക്രമിക്കുന്ന സാധാ സിപിഎം പ്രവർത്തരും ഭാവിയിൽ ലജ്ജിക്കേണ്ടി വരുമെന്ന് കെ. സുധാകരൻ എംപി.
ജനൽ ഗ്ലാസുകൾ അടിച്ച് തകർത്ത് ഭിത്തിയിൽ ഓയിൽ ഒഴിച്ച മാലൂർ പട്ടാരിയിലെ രാജീവ് ഭവൻ സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച നാലു കെഎസ്യു പ്രവർത്തകർ മന്ത്രിയുടെ അടുത്ത് എത്തിയിട്ടില്ലെന്ന് ദൃശ്യ മാധ്യമങ്ങൾ കാണുന്നവർക്ക് ബോധ്യമുണ്ട്. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്മാർക്കും ഇക്കാര്യം അറിയാം.
കുട്ടികളുടെ പ്രതിഷേധത്തിന് ശേഷം വളരെ കൂളായി നടന്നു ലിഫ്റ്റും കയറി തൊട്ടടുത്ത പ്ലാറ്റ് ഫോമിൽ എത്തി സ്പീക്കർ ഷംസീറിനെ കാണുകയും സ്പീക്കർ മുഖ്യമന്ത്രിയെ വിളിക്കുകയും ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ചാണ് സംഭവത്തിന്റെ ഗതിമാറിയത്.
പോലീസ് സത്യസന്ധമായി അന്വേഷിച്ചാൽ ഒരു വധശ്രമവും അവിടെ നടന്നിട്ടില്ലെന്ന് ബോധ്യമാകും. എന്നിട്ടാണ് കറുത്ത തുണി കാട്ടി മന്ത്രിക്കെതിരേ പ്രതിഷേധിച്ച നാല് കെഎസ് യു പ്രവർത്തകരുടെ പേരിൽ വധശ്രമത്തിന് കേസെടുത്തതെന്നും സുധാകരൻ പറഞ്ഞു.
ഓഫീസിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചുമർ വികൃതമാക്കുകയും ചെയ്തു. അഞ്ച് ജനൽചില്ലുകളാണു തകർത്തത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. മുമ്പ് മൂന്നു തവണ കോൺഗ്രസ് ഓഫീസിനു നേരെ ആക്രമണമുണ്ടായിരുന്നു. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ മാലൂർ പോലീസിൽ പരാതി നൽകി.
കണ്ണൂർ: കക്കാട് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ അക്രമം. ബുധനാഴ്ച രാത്രി ഒരു സംഘം സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ തകർത്തതായാണ് പരാതി. ആറ് ജനൽ ചില്ലുകൾ പൂർണമായും തകർത്ത നിലയിലാണ്.
National
ന്യൂഡൽഹി: എഐ ഉച്ചകോടിയിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയ നടപടിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി കോണ്‍ഗ്രസ്.
വിയോജിപ്പിനെ ക്രിമിനൽവത്കരിക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേയുള്ള അറസ്റ്റെന്നും വിയോജിപ്പ് ഭരണഘടനാപരമായ അവകാശമാണെന്നും രാജ്യദ്രോഹമല്ലെന്നും കോണ്‍ഗ്രസ് വക്താവും എംപിയുമായ അഭിഷേക് മനു സിംഗ്വി പറഞ്ഞു.
സംഭവദിവസത്തെ മുഴുവൻ കാര്യങ്ങളും വീഡിയോയിൽ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങളിലും വാർത്താ പ്ലാറ്റ്ഫോമുകളിലും വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ടെന്നും സിംഗ്വി പറഞ്ഞു.
അക്രമത്തിന്റെയോ നശീകരണത്തിന്റെയോ തെളിവോ പൊതുസുരക്ഷയ്ക്കു ഭീഷണിയോ ഇല്ലാതെ സമാധാനപരമായ ഒരു പ്രതിഷേധത്തിനുമേൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയതിൽ മുതിർന്ന അഭിഭാഷകൻകൂടിയായ സിംഗ്വി ആശങ്ക പ്രകടിപ്പിച്ചു.
National
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതൃത്വത്തെയും വിമർശിച്ച് മുതിർന്ന നേതാവ് മണിശങ്കർ അയ്യർ. ഇന്ത്യാ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി മാറിനിൽക്കണം. മമത ബാനർജി സഖ്യത്തിന്റെ മുഖമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മമത, സ്റ്റാലിൻ തുടങ്ങിയ പ്രാദേശിക നേതാക്കൾ ഇന്ത്യാ സഖ്യത്തിന് ഗുണം ചെയ്യും. മമത ബാനർജി ഇല്ലാത്ത ഇന്ത്യാ സഖ്യത്തിന് പ്രസക്തിയില്ലെന്നും പ്രാദേശിക പാർട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യുമെന്നും മണിശങ്കർ അയ്യർ കൂട്ടിച്ചേർത്തു.
നേരത്തെ കേരളത്തിൽ പിണറായി സർക്കാർ തുടരുമെന്ന് അയ്യർ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇതിനെതിരെ എഐസിസി നേതാക്കളടക്കം രംഗത്തുവന്നിരുന്നു.
Kerala
തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ കോൺഗ്രസിലേക്ക്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി പ്രേംകുമാർ ചർച്ച നടത്തി.
പാർട്ടിയിലെത്തിയാൽ മികച്ച പരിഗണന നൽകുമെന്ന് പ്രേംകുമാറിന് കോൺഗ്രസ് നേതാക്കൾ ഉറപ്പുനൽകി. തിങ്കളാഴ്ച കൂടുതൽ കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. താൻ കോളജിൽ പഠിച്ചപ്പോൾ കെഎസ്യുക്കാരനായിരുന്നു.
തന്റെ പിതാവ് കോൺഗ്രസ് പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച് പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ പ്രേംകുമാറിനെ ബന്ധപ്പെട്ടത്.
യാത്രയയപ്പിനുള്ള സമയം പോലും നല്‍കാതെയാണ് തന്നെ സ്ഥാനത്തു നിന്ന് നീക്കിയത്. സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി ചെയര്മാന് സ്ഥാനത്തു നിന്ന് നീക്കാക്കത്തത് ഇരട്ട നീതിയാണെന്നും പ്രേംകുമാര്‍ പറഞ്ഞിരുന്നു.
സിപിഎം നേതാവും കൊട്ടാരക്കര മുൻ എംഎൽഎയുമായ ഐഷ പോറ്റി അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു. സിപിഎം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന പി.കെ.ശശിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഈമാസം അവസാനം പ്രഖ്യാപിക്കും. സിറ്റിംഗ് എംഎൽഎമാരെയും സംവരണ സീറ്റിലെ സ്ഥാനാർഥികളെയുമാണ് ആദ്യം പ്രഖ്യാപിക്കുക.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര അവസാനിക്കുന്നതിന് മുൻപ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. നിലവിൽ 21 സിറ്റിംഗ് എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ഇതിൽ കെ.ബാബു മത്സരിക്കുന്നില്ലെന്ന് നേതൃത്വത്തെ അറിയിച്ചു.
അതുപോലെ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയിലില്ല. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപ് ഷാഫി പറമ്പിൽ എംപിയുടെ അഭിപ്രായം കൂടി പരിഗണിക്കും. തൃപ്പൂണിത്തുറയിൽ ഒന്നിലേറെ പേരുകളാണ് മുന്നോട്ടുവരുന്നത്.
ബാബുവിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും അന്തിമ സ്ഥാനാർഥി പ്രഖ്യാപനം. തിങ്കളാഴ്ച വിശാല കെപിസിസി യോഗം ചേരും. ഈ യോഗത്തിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ദാരണയുണ്ടാകും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ബുധനാഴ്ച ചേരും. വിജയ സാധ്യത മാത്രമാകും സ്ഥാനാർഥി നിർണയത്തിലെ ഘടകമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു.
സ്ക്രീനിംഗ് കമ്മിറ്റി ചെയര്മാന് മദുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് യോഗം ചേരുക. പ്രതിപക്ഷ നേതാവിന്റെ യാത്രയ്ക്ക് മുമ്പ് ആദ്യ പട്ടിക പുറത്തിറക്കാനാണ് നീക്കം. സംസ്ഥാനത്ത് ഇത്തവണ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും ദീപാ ദാസ് മുന്‍ഷി.
കൂടുതൽ പ്രവചനങ്ങൾക്കില്ലെന്നും ചിട്ടയോടെ കാര്യങ്ങൾ മുന്നോട്ടു പോകുമെന്നും അവർ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പടെയുള്ളവർ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും.
National
ന്യൂഡൽഹി: ഡോണാൾഡ് ട്രംപ് ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ്. സ്വന്തം സർക്കാരിന്റെ വിവരങ്ങൾ മോദി അറിയുന്നത് ട്രംപ് പറഞ്ഞിട്ടാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
മോദി ട്രംപിന് കീഴ്പ്പെട്ടെന്നും ജയറാം രമേശ് ആരോപിച്ചു. ട്രംപ് വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. റഷ്യയിൽ നിന്നും വെനിസ്വേലയിൽ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുകളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ അദ്ദേഹം വാഷിംഗ്ടണിൽ നിന്ന് പ്രഖ്യാപിച്ചു.
ഇപ്പോൾ അദ്ദേഹം വാഷിംഗ്ടണിൽ നിന്ന് ഒരു ഇന്ത്യ - യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചു. ഇതൊല്ലാം ട്രംപ് പ്രഖ്യാപിച്ചതിനുശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി അറിഞ്ഞതെന്നും കോൺഗ്രസ് ആരോപിച്ചു.
National
ന്യൂഡൽഹി: സിപിഎമ്മിലേക്കെന്ന വാർത്ത തള്ളി ശശി തരൂർ എംപി. ദുബായില്‍ ചർച്ച നടത്തിയെന്ന ആരോപണം മാധ്യമങ്ങൾ സൃഷ്ടിച്ചതെന്നാണ്. തനിക്ക് പറയാനുള്ളത് പാർട്ടിയിൽ പറയും. അതിന് അവസരം വരുമെന്നതിൽ സംശയമില്ലെന്നും തരൂർ പറഞ്ഞു.
ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ചേർന്ന നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാതിരുന്നത് സ്ഥലത്ത് ഇല്ലാത്തതുകൊണ്ടാണ്. അവർ എന്നെ ക്ഷണിക്കുന്നത് ഇന്നലെയോ മിനിഞ്ഞാന്നോ ആയിരുന്നു.
അപ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും തരൂർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച ജനപ്രതിനിധികളെ ഉൾപ്പെടുത്തി കോൺഗ്രസ് കൊച്ചിയിൽ സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ അവഗണന നേരിട്ടു എന്നതാണ് തരൂരിന്റെ പരാതി.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടന്ന് കോണ്‍ഗ്രസില്‍ തീരുമാനം. നയരൂപീകരണ സമിതിയുടേതാണ് തീരുമാനം. എന്നാൽ ഹൈക്കമാൻഡാകും ഇതിൽ അന്തിമ തീരുമാനം എടുക്കുക.
തർക്കമില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിനാണ് മുൻഗണന നല്‍കുന്നത്. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും യോഗത്തില്‍ നേതാക്കൾ വ്യക്തമാക്കി. സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക തയാറാക്കാനും യോഗത്തിൽ തീരുമാനമായി.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ഇതിനായി ചുമതലപ്പെടുത്തി. വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്ന് ദീപാ ദാസ് മുൻഷി പറഞ്ഞു. മൂന്നു സർവേ റിപ്പോർട്ടുകളുണ്ട്.
അത് കണക്കിലെടുക്കുമെന്നും സാമുദായിക സന്തുലിതാവസ്ഥ പാലിക്കണമെന്നും അവർ പറഞ്ഞു. പരസ്പര സമ്മതമില്ലാതെ ഒരു ഘടകകക്ഷികളുടെയും സീറ്റ് ഏറ്റെടുക്കേണ്ടെന്നും തീരുമാനിച്ചു. അടുത്തമാസം രണ്ടിനകം ഘടകകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കാനും നിർദേശം നൽകി.
Kerala
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയ ടി.ഐ. മധുസൂദനൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിനു നേരെ സിപിഎം ആക്രമണം. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വി.കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയത്.
സംഘർഷത്തിൽ പരിക്കേറ്റ ഒമ്പതുപേരെ ആശുപത്രിയിലേക്ക് മാറ്റി. തന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ നേതൃത്വം തയാറാകണമെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. അതേസമയം പയ്യന്നൂർ മേഖലയിൽ കുഞ്ഞികൃഷ്ണനെതിരെ വ്യാപകമായി സിപിഎം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
പ്രാദേശിക വിഭാഗീയതയുടെ പേരിൽ പാർട്ടിയെ ഒറ്റുകൊടുത്ത് വിശുദ്ധനാകാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിക്കുന്നതെന്നാണ് നേതൃത്വം പറയുന്നത്. സാമ്പത്തിക തട്ടിപ്പ് ആരോപണം കൊണ്ടുവന്നതിൽ തനിക്ക് തെറ്റുപറ്റിയെന്ന് കുഞ്ഞികൃഷ്ണൻ തന്നെ പാർട്ടി കമ്മിറ്റിയിൽ പറഞ്ഞുവന്ന പ്രചാരണങ്ങളും സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെ നടത്തുന്നുണ്ട്.
ഇത് വാസ്തവവിരുദ്ധമാണെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഫണ്ട് തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും വരവ് ചെലവ് കണക്കുകൾ കൃത്യസമയത്ത് സമർപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വം പറയുന്നത്.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി കോൺഗ്രസ്. ചൊവ്വാഴ്ച്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചേരും. ഹൈക്കമാന്‍ഡുമായി കേരളത്തിലെ നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സമിതി യോഗം നിശ്ചയിച്ചത്.
എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ധാരണ. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സംസ്ഥാന
നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പ്രശ്നരഹിതമായി സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും പൂര്‍ത്തിയാക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു.
ഘടകകക്ഷികളുമായുള്ള ചര്‍ച്ചയുടെ പുരോഗതി കെപിസിസി അധ്യക്ഷനും, പ്രതിപക്ഷ നേതാവും, രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. എംപിമാര്‍ മത്സരിക്കണോയെന്നതില്‍ യോഗം തീരുമാനമെടുത്തില്ല. അതേസമയം ഡൽഹി യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നു.
National
കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഇടത് സഖ്യം അനിശ്ചിതത്വത്തിൽ. മുൻകാലങ്ങളിലെ സഖ്യ പരീക്ഷണങ്ങൾ വലിയ പരാജയമായിരുന്നു. ഈ പശ്ചാത്തലത്തിൽ സഖ്യം വേണോ അതോ ഒറ്റയ്ക്ക് മത്സരിക്കണോയെന്ന കാര്യത്തിൽ ഇരു പാർട്ടികൾക്കുമുള്ളിൽ ഭിന്നത രൂക്ഷമാണ്.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ശുഭങ്കർ സർക്കാരും ഒരു വിഭാഗം മുതിർന്ന നേതാക്കളും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്ന നിലപാടിലാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സഖ്യങ്ങളെ ആശ്രയിക്കുന്നത് പാർട്ടിയുടെ അടിത്തറ തകർത്തുവെന്നാണ് ഇവരുടെ വാദം.
കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ചിന്ത ഇടതുപക്ഷ നേതാക്കൾക്കുമുണ്ട്. കോൺഗ്രസ് ഒരു ബാധ്യതയാണെന്നാണ് ചില ഇടത് നേതാക്കളുടെ വിലയിരുത്തൽ. 2016 ൽ ഇടതുപക്ഷത്തിന് 20 ശതമാനത്തോളം വോട്ട് വിഹിതമുണ്ടായിരുന്നത് 2021ൽ വെറും 4.71 ശതമാനമായി കുറഞ്ഞു.
ഈ വോട്ടുകൾ വലിയതോതിൽ ബിജെപിയിലേക്ക് ചോരാൻ കോൺഗ്രസുമായുള്ള സഖ്യം കാരണമായോയെന്ന് ഇവർ സംശയിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈകാര്യത്തിൽ തീരുമാനമുണ്ടാകും.
National
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ഒരു വർഷം മാത്രം ബാക്കിനിൽക്കെ യോഗി ആദിത്യനാഥിനെ താഴെയിറക്കാൻ പ്രിയങ്ക തന്നെ നേരിട്ട് ഇറങ്ങിയേക്കുമെന്നാണ് സൂചന.
പ്രിയങ്ക ഗാന്ധിയെ പങ്കെടുപ്പിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്. മുപ്പത് സ്ഥലങ്ങളിൽ ഭരണഘടനാ സംവാദ റാലികൾ, തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിൽ പ്രതിഷേധം തുടങ്ങിയ 100 ദിന കർമപരിപാടിക്കാണ് പാർട്ടി തുടക്കം കുറിച്ചിരിക്കുന്നത്.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രിയങ്കയ്ക്കായിരുന്നു സംസ്ഥാനത്തിന്റെ ചുമതല. എന്നാൽ കേവലം രണ്ട് സീറ്റുകൾ മാത്രമാണ് പാർട്ടി നേടിയത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകൾ കോൺഗ്രസിന് നേടിയിരുന്നു.
Kerala
തൃശൂർ: വടക്കാഞ്ചേരി കോഴ ആരോപണത്തിൽ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽ കഴന്പുണ്ടെന്നു തെളിഞ്ഞെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.
പ്രാഥമിക അന്വേഷണം നടത്തിയ ഡിവൈഎസ്പി തുടരന്വേഷണത്തിന് അനുമതി തേടി വിജിലൻസ് ഡയറക്ടർക്കു റിപ്പോർട്ട് നൽകി.
സിപിഎമ്മിനെ ബാധിക്കുന്ന വിഷയമായതിനാൽ വിജിലൻസ് അന്വേഷണം ഇല്ലാതാക്കും. കോഴവാങ്ങിയതു വ്യക്തമാക്കുന്ന ജാഫറിന്റെ സംഭാഷണങ്ങൾ പുറത്തുവന്നു.
ജാഫറിന് 50 ലക്ഷം ലഭിച്ചെന്നതു വ്യക്തമാണ്. രാഷ്ട്രീയധാർമികതയുടെ തരിന്പെങ്കിലും അവശേഷിക്കുന്നെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവയ്ക്കണമെന്നും അ ദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കേരളത്തിലേക്ക് നിരീക്ഷകരെ അയച്ച് എഐസിസി. സച്ചിൻ പൈലറ്റ്, കെ.ജെ.ജോർജ്, ഇമ്രാൻ പ്രതാപ്ഗഡി, കനയ്യ കുമാർ എന്നിവരാണ് നിരീക്ഷകരായി കേരളത്തിലേക്ക് എത്തുന്നത്.
ഭൂപേഷ് ബാഗേല്‍, ഡി.കെ.ശിവകുമാര്‍, ബന്ധു തിര്‍ക്കി എന്നിവര്‍ക്ക് അസമിന്റെയും മുകുള്‍ വാസ്നിക്, ഉത്തം കുമാര്‍ റെഡ്ഡി, ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ എന്നിവര്‍ക്ക് തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ ചുമതലയും നല്കി.
സുദീപ് റോയ് ബര്മന്, ഷക്കീല്‍ അഹമ്മദ് ഖാന്, പ്രകാശ് ജോഷി എന്നിവര്‍ക്കാണ് പശ്ചിമബംഗാളിന്റെ ചുമതല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറ് സീറ്റു നേടുമെന്ന വി.ഡി.സതീശന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് കെ.കെ.ഷൈലജ എംഎൽഎ. യുഡിഎഫ് എന്ത് അടിസ്ഥാനത്തിലാണ് 100 സീറ്റ് ലഭിക്കുമെന്ന് പറയുന്നത്.
140 സീറ്റ് കിട്ടുമെന്ന് പറയാമല്ലോയെന്നും ഷൈലജ പരിഹസിച്ചു. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയപ്പോൾ യുഡിഎഫ് ഒന്നും ചെയ്തില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ യുഡിഎഫ് ഒരക്ഷരം പറഞ്ഞില്ല. യുഡിഎഫിന് ഒറ്റ ലക്ഷ്യമാണുള്ളത്.
ഇടതു പക്ഷത്തെ ഇല്ലാതാക്കി ഇത്തവണ അധികാരത്തിൽ വരിക എന്നതാണ് അവരുടെ ലക്ഷ്യം. രാഹുൽ മാങ്കൂട്ടത്തിലിനെയും ഷൈലജ വിമർശിച്ചു. എന്തൊരു ക്രൂരതയാണ് ആ ചെറുപ്പക്കാരൻ കാണിച്ചത്. എന്നിട്ട് നുണപറയുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരത കോൺഗ്രസ് നേരത്തെ തിരിച്ചറിഞ്ഞതാണ്. അവർ അത് പൂഴ്ത്തി വെച്ചുവെന്നും ഷൈലജ കുറ്റപ്പെടുത്തി. വിവരം പുറത്ത് വന്നപ്പോൾ ഇയാളെ പുറത്താക്കുന്നുവെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും കെ.കെ.ഷൈലജ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന വി.ഡി.സതീശന്റെ അവകാശവാദത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ബോംബ് പൊട്ടുമെന്ന് സതീശൻ പറഞ്ഞിട്ട് പൊട്ടിയില്ല.
അതുപോലെ നൂറിടത്ത് കോൺഗ്രസ് പൊട്ടുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരും. സതീശൻ എന്ത് ബോംബ് പൊട്ടിച്ചാലും അധികാരത്തിൽ വരുന്നത് എൽഡിഎഫായിരിക്കും.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസ് സുൽത്താൻ ബത്തേരിയിൽ നേതൃക്യാമ്പ് ചേർന്നതിനു പിന്നാലെയാണ് ഗോവിന്ദന്റെ പരിഹാസം. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: കോൺഗ്രസിൽ തലമുറമാറ്റം ചർച്ചയാകുന്നതിനിടെ മത്സരരംഗത്തു നിന്ന് മാറാൻ തയാറെന്ന് ചാണ്ടി ഉമ്മൻ. പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ താൻ മാറിനിൽക്കാമെന്ന് ചാണ്ടി ഉമ്മൻ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ അറിയിച്ചു.
എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല. യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. സിറ്റിംഗ് എംഎൽഎമാർ പലരും തങ്ങളുടെ സീറ്റ് നിലനിർത്താൻ നെട്ടോട്ടമോടുമ്പോഴാണ് ചാണ്ടി ഉമ്മൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തിയത്. 1970 മുതൽ 12 തവണ തുടർച്ചയായി ഉമ്മൻ ചാണ്ടി വിജയിച്ച മണ്ഡലമാണ് പുതുപ്പള്ളി.
Kerala
കൽപ്പറ്റ: മേയര്‍ തെരഞ്ഞെടുപ്പിലെ അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വര്‍ഗീസ്. സുൽത്താൻ ബത്തേരിയിൽ ചേർന്ന് നേതൃക്യാമ്പിലാണ് ദീപ്തി തുറന്നടിച്ചത്. കെപിസിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുത്ത രീതിയെയാണ് താൻ വിമര്‍ശിക്കുന്നതെന്നും ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി. മേയര്‍ തെരഞ്ഞെടുപ്പില്‍ ചിലരുടെ വ്യക്തി താത്പര്യങ്ങളാണ് നടപ്പായതെന്ന് കോണ്‍ഗ്രസ് നേതാവ് സക്കീര്‍ ഹുസൈനും വിമര്‍ശിച്ചു. കൊച്ചി മേയര്‍ സ്ഥാനത്തെച്ചൊല്ലി വലിയ വിവാദങ്ങളാണ് കോണ്‍ഗ്രസില്‍ നടന്നത്.
വി.കെ.മിനിമോളും ഷൈനി മാത്യുവുമാണ് രണ്ടരവര്‍ഷം വീതം കൊച്ചി കോര്പറേഷന് പദവി പങ്കിടുക. മധ്യ കേരളത്തിലെ ജില്ലകള്‍ ഉള്‍പ്പെടുന്ന സോണല്‍ മീറ്റിംഗിലാണ് കൊച്ചി മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിമര്‍ശനം ഉയർന്നത്.
Kerala
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ 85 മണ്ഡലങ്ങളിൽ യുഡിഎഫിന് വിജയം ഉറപ്പാണെന്ന് സുൽത്താൻ ബത്തേരിയിൽ ചേർന്ന കോൺഗ്രസ് ലീഡേഴ്സ് ക്യാമ്പിൽ വിലയിരുത്തൽ. നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനയോഗത്തിലാണ് ഈ വിജയസാധ്യത കണക്കുകൂട്ടിയത്.
കാസർഗോഡ് മൂന്ന് മണ്ഡലങ്ങളാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ നാല്, കോഴിക്കോട് എട്ട്, പാലക്കാട് അഞ്ച്, തൃശൂർ ആറ്, ഇടുക്കി നാല്, ആലപ്പുഴ നാല്, കോട്ടയം അഞ്ച്, കൊല്ലം ആറ്, തിരുവനന്തപുരം നാല്, എറണാകുളം 12 എന്നിങ്ങനെയാണ് പ്രതീക്ഷ. വയനാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ മുഴുവൻ സീറ്റുകളും നേടുമെന്നും പാർട്ടി കണക്കുകൂട്ടുന്നുണ്ട്.
തെക്കൻ മേഖല പി.സി.വിഷ്ണുനാഥിന്റെയും മധ്യമേഖല എ.പി. അനിൽകുമാറിന്റെയും വടക്കൻ മേഖല ഷാഫി പറമ്പിലിന്റെയും അധ്യക്ഷതയിലുമാണ് ചര്‍ച്ച നടക്കുന്നത്. തന്ത്രങ്ങൾ മെനയാൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും സുൽത്താൻ ബത്തേരിയിൽ എത്തിയിട്ടുണ്ട്.
കോൺഗ്രസ് സ്ഥാനാർഥികളുടെ ജയസാധ്യത സംബന്ധിച്ച പഠനമടക്കം കനഗോലുവാണ് നടത്തുന്നത്. അമിത ആത്മവിശ്വാസം വേണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി യോഗത്തിൽ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷന് 2026 രേഖ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ലക്ഷ്യ ക്യാമ്പിൽ അവതരിപ്പിക്കും. ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവിന്റെ കേരളയാത്രയിൽ സ്ഥാനാർഥികളെയടക്കം വേദിയിലെത്തിക്കുന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
Kerala
തൃശൂർ: കോൺഗ്രസിനെ വെട്ടിലാക്കിയ മറ്റത്തൂർ പഞ്ചായത്തിലെ പ്രതിസന്ധി അയയുന്നു. ബിജെപി പിന്തുണയോടെ ജയിച്ച് വൈസ് പ്രസിഡന്റായ കോൺഗ്രസിലെ നൂർജഹാൻ നവാസ് സ്ഥാനം രാജിവയ്ക്കും. നൂർജഹാൻ അടക്കമുള്ള എട്ട് അംഗങ്ങളെയും നേരത്തെ കോൺഗ്രസ് പുറത്താക്കിയിരുന്നു.
പാർട്ടി തീരുമാനത്തിന് വഴങ്ങുമെന്ന് കൂറുമാറിയവരുടെ നേതാവ് ടി.എം. ചന്ദ്രനും വ്യക്തമാക്കി. കൂറുമാറിയവരുമായി റോജി എം. ജോൺ എംഎൽഎ നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. പാർട്ടിക്ക് വഴങ്ങാൻ ഇവർ തീരുമാനിച്ചതോടെ പുറത്താക്കിയ എല്ലാവരെയും കോൺഗ്രസ് തിരിച്ചെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
തങ്ങളിൽ ഒരാൾപോലും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും ഇപ്പോഴും കോൺഗ്രസ് തന്നെയാണെന്നും വിമതർ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടെസ്സി ജോസ് രാജിവയ്ക്കാൻ സാധ്യതയില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയായിരുന്നു. പഞ്ചായത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പാർട്ടി സ്വീകരിച്ച നടപടി പിൻവലിച്ചാൽ അദ്ദേഹത്തിന് മത്സരിക്കാമെന്ന് പി.ജെ.കുര്യൻ. നടപടി പിൻവലിക്കണമോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്.
ഇതിൽ ധാർമികതയുടെ പ്രശ്നമില്ല. സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനെന്നും അദ്ദേഹം ചോദിച്ചു. ആരോപണ വിധേയരായ സിപിഎം നേതാക്കൾ പദവിയിൽ തുടരുന്നുണ്ട്. കോൺഗ്രസ് നേതാക്കളോട് മാത്രം ധാർമികത ചോദിക്കുന്നത് എന്തിനാണ്.
രാഹുലിനെ തിരിച്ചെടുക്കണമെന്നും പി.ജെ.കുര്യൻ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ല. പ്രതിഷേധം അറിയിക്കാനല്ല രാഹുൽ തന്നെ വന്നു കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കോൺഗ്രസിനെ വെട്ടിലാക്കി ബിജെപിയുമായി കൈകോർത്ത മറ്റത്തൂരിലെ വിമതർ റോജി എം. ജോൺ എംഎൽഎയുമായി ചർച്ച നടത്തി. തങ്ങൾ പാർട്ടിക്കൊപ്പം ഉറച്ചു നിൽക്കും. എട്ടു പേരിൽ ഒരാൾ പോലും ബിജെപിയിൽ ചേർന്നിട്ടില്ല.
പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്ന് പാർട്ടി പറഞ്ഞാൽ അനുസരിക്കും. ബിജെപിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വിമത അംഗങ്ങള്‍ അറിയിച്ചു. കെപിസിസിയുടെ നിർദേശ പ്രകാരമാണ് വിമതരുമായി റോജി ചർച്ച നടത്തിയത്.
സിപിഎമ്മിനെതിരെ പ്രാദേശികമായി നടത്തിയ രാഷ്ട്രീയ നീക്കം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും കോൺഗ്രസ് പുറത്താക്കിയ ഡിസിസി ജനറൽ സെക്രട്ടറി ചന്ദ്രനും സംഘവും പറഞ്ഞു.
Kerala
പത്തനംതിട്ട: മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെന്ററിൽ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് പരാതി. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ദേശീയ പതാകകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി പോലീസിൽ പരാതി നൽകി.
മാലിന്യ കൂമ്പാരത്തിന് സമീപമാണ് ദേശീയ പതാക കൂട്ടിയിട്ടിരിക്കുന്നത്. അതേസമയം ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് മലയാലപ്പുഴ പോലീസ് പറഞ്ഞു.
Kerala
തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട അംഗങ്ങൾ. കോണ്‍ഗ്രസ് അംഗത്തെ വിലയ്ക്കെടുക്കാനുള്ള സിപിഎം ഗൂഢതന്ത്രമാണ് മറ്റത്തൂരിൽ കണ്ടത്. സിപിഎമ്മിനോടുള്ള എതിർപ്പിനെ തുടർന്ന് ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്നും ഡിസിസി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രൻ പറഞ്ഞു.
മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസി കല്ലറയ്ക്കൽ, വൈസ് പ്രസിഡന്റ് നൂര്‍ ജഹാൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പിൽ, ബ്ലോക്ക് മെമ്പര്‍ പ്രവീണ്‍ കുമാര്‍, ലിന്റോ പള്ളിപറമ്പൻ, മറ്റു പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി. തൃശൂര്‍ ഡിസിസിക്കെതിരെയും അംഗങ്ങള്‍ രൂക്ഷവിമര്‍ശനം നടത്തി.
അംഗങ്ങൾക്ക് വിപ്പ് ലഭിച്ചിരുന്നില്ല. ഡിസിസി ചിഹ്നം കൊടുത്ത മൂന്ന് സ്ഥാനാര്‍ഥികൾ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തി. ബിജെപി പിന്തുണയിൽ മത്സരിച്ചശേഷം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ഇവരോട് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് യോഗത്തിൽ പങ്കെടുത്ത കെ.ആര്. ഔസേപ്പിനെ സിപിഎം വിലയ്ക്കെടുക്കുകയായിരുന്നു.
ഔസേപ്പ് കാലുമാറുമെന്ന് കൗണ്‍സിൽ ഹാളിലെത്തും വരെ അറിഞ്ഞിരുന്നില്ല. ഇതോടെയാണ് കോണ്‍ഗ്രസ് ടെസി കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയത്. സിപിഎമ്മിനോടുള്ള വിരോധം കാരണമാകാം ബിജെപി അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടു ചെയ്തത്.
12 വോട്ട് ടെസിക്കും 11 വോട്ട് ഔസേപ്പിനും കിട്ടിയെന്നും ടി.എം. ചന്ദ്രൻ പറഞ്ഞു. ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അംഗങ്ങളും വ്യക്തമാക്കി. മറ്റത്തൂരിലെ രാഷ്ട്രീയ സാഹചര്യം പഠിക്കാതെ രാജിവെയ്ക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
Kerala
തൃശൂര്‍: മറ്റത്തൂർ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ ബിജെപി മുന്നണിയിലേക്കുള്ള കൂട്ട പലായനത്തിൽ പരിഹാസവുമായി ഡിവൈഎഫ്ഐ. മറ്റത്തൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ താമരയിൽ കൈപ്പത്തി ചിഹ്നമുള്ള ഫ്ളക്സ് ബോർഡ് ഡിവൈഎഫ്ഐ സ്ഥാപിച്ചു.
മറ്റത്തൂരിലെ കോൺഗ്രസ് ജനതാ പാർട്ടി എന്നും ഫ്ളക്സിൽ എഴുതിയിട്ടുണ്ട്. ഡിവൈഎഫ്ഐ മറ്റത്തൂർ മേഖല കമ്മിറ്റിയുടേതാണ് ഫ്ളക്സ്.
അതേസമയം, സംഭവം കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിത പദ്ധതിയാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആരോപിച്ചു.
വടകരയിലും ബേപ്പൂരിലും ഉണ്ടാക്കിയ സഖ്യത്തിന്റെ പുതിയകാല പതിപ്പാണ് ജില്ലയില്‍ കണ്ടത്. ഇവര്‍ക്കെതിരെയെടുത്ത സസ്പെന്ഷന് നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവ് മാത്രമാണ്.
കോണ്‍ഗ്രസിനും ബിജെപിക്കും തുല്യ അംഗങ്ങള്‍ ഉണ്ടായിരുന്ന പാറളം പഞ്ചായത്തില്‍ ഒരു വോട്ട് അസാധുവാക്കി കൊണ്ടാണ് കോണ്‍ഗ്രസ് ഇവിടെ ബിജെപിക്ക് അധികാരം നല്‍കിയത്. ചൊവ്വന്നൂരില്‍ എസ്ഡിപിഐ വോട്ട് വാങ്ങി പ്രസിഡന്റ് സ്ഥാനം നേടാനും ഇവര്‍ക്ക് മടിയുണ്ടായില്ല.
കോണ്‍ഗ്രസിന്റെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുമായുളള ഒത്തുചേരല്‍ അവരുടെ തന്നെ അടിത്തറ തോണ്ടും. ശക്തമായ ജനകീയ പ്രക്ഷോഭം കോണ്‍ഗ്രസ് വര്‍ഗീയ കൂട്ടുകെട്ടിനെതിരെ ഉയര്‍ത്തി കൊണ്ടുവരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Kerala
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് ചുമതലയേറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പെണ്ണമ്മ ജോസഫിനെ ഏഴിനെതിരേ 16 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടത്.
ജില്ലാ പഞ്ചായത്ത് വാകത്താനം ഡിവിഷന് അംഗമാണ് ജോഷി ഫിലിപ്പ്. 2015-20 ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ ആദ്യ ടേം ജോഷി പ്രസിഡന്റായിരുന്നു. മുന്‍ ഡിസിസി പ്രസിഡന്റ് കൂടിയായ ജോഷി നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്.
വൈസ് പ്രസിഡന്റായി തലനാട് ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ബിന്ദു സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണയനുസരിച്ച് ആദ്യ നാലു വര്‍ഷം ജോഷി ഫിലിപ്പിനും അവസാന ഒരു വര്‍ഷം കേരള കോണ്‍ഗ്രസ് പ്രതിനിധിക്കുമാണ് പ്രസിഡന്റ് സ്ഥാനം.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ വരണാധികാരിയായിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോഷി ഫിലിപ്പ് ചേതന്‍കുമാര്‍ മീണയ്ക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Kerala
കൽപ്പറ്റ: വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എംപി കലണ്ടർ പുറത്തിറക്കി. എംപി ആയതിനുശേഷം വയനാടിനായി പ്രിയങ്ക നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍.
മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടിന്റെ ചിത്രമാണ് ജനുവരി മാസത്തെ മുഖചിത്രമായി ഉൾപ്പെടുത്തിയത്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ സഹോദരന് അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂര്‍ ചോലനായ്ക്കര്‍ ഉന്നതിയില്‍ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്.
നൂല്‍പ്പുഴയില്‍ കുടുംബശ്രീ സംരംഭമായ വനദുര്‍ഗ മുള ഉത്പന്ന കേന്ദ്രത്തില്‍ സരസ്വതി കൊട്ട നെയ്യുന്നത് കൗതുകത്തോടെ നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയല്‍ രാമനോടൊപ്പം കൃഷിയിടത്തില്‍ നടക്കുന്ന ചിത്രവുമെല്ലാം ഓരോ മാസത്തിലെ മുഖചിത്രമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Kerala
തൃശൂർ: മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന് ലാലി പറഞ്ഞു. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും അവർ പറഞ്ഞു.
താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റത്. കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു.
ഒരു വർഷമെങ്കിലും മേയർ ആക്കുമോ എന്ന് താൻ ചോദിച്ചു. ഇടയ്ക്ക് ഒരു വർഷം നൽകാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ട. മേയർ സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇതുവരെയും പാർട്ടി വിപ്പ് കൈപ്പറ്റിയില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.
Kerala
കോഴിക്കോട്: പി.വി.അൻവറിനെ യുഡിഎഫിൽ ഉൾപ്പെടുത്തിയതിൽ പ്രതികരണവുമായി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഘടകക്ഷിയായി പ്രവർത്തിക്കുമ്പോൾ പി.വി.അൻവർ മാന്യതയോടെ പ്രവർത്തിക്കണം.
അൻവർ അൽപ്പം സംയമനം പാലിക്കണം. അത് എവിടെയായാലും. മുന്നണിയിലായാലും പാർട്ടിയിൽ ആയാലും അച്ചടക്കത്തിന് വിരുദ്ധമായി സംസാരിക്കുന്നതും പരസ്യപ്രസ്താവന നടത്തുന്നതും ഗുണകരമാവില്ല.
അവസരസേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് തനിക്ക് യോജിപ്പില്ല. ഐക്യ ജനാധിപത്യമുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമെ മുന്നണിയിൽ ഉൾപ്പെടുത്താവൂവെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർ വേട്ടയാടപ്പെടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. യുപിയിൽ ക്രിസ്മസിന് സ്കൂളുകൾക്ക് അവധിയില്ല.
അന്നേ ദിവസം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്. ഇതു വഴി ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി വ്യക്തമാക്കി.
മോദി ഭരണത്തില്‍ രാജ്യം സങ്കുചിത ചിന്താഗതികളിലേക്ക് ചുരുങ്ങി. ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നത് തുടര്ക്കഥയായിമാറിയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
Kerala
കൊച്ചി: മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനു പിന്നാലെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്. മേയറോ എംഎൽഎയോ എംപിയോ ആകാനല്ല പാർട്ടിയിൽ വന്നത്. സ്ഥാനമാനങ്ങളല്ല പ്രസ്ഥാനമാണ് വലുത്.
വലിയ രാഷ്ട്രീയ പ്രസ്ഥാനമാകുമ്പോൾ തെറ്റുകളുണ്ടാകാം. അതു തിരുത്താൻ തയാറാകണം. മേയർ സ്ഥാനത്തേക്ക് ചിലർക്ക് ലഭിച്ച പിന്തുണയെപ്പറ്റി നേതൃത്വം പറയുന്നത് വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാം.
അല്ലാത്തവർക്ക് വിശ്വസിക്കാതിരിക്കാം. കെപിസിസി എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. അതേസമയം ദീപ്തിയെ തഴഞ്ഞതിൽ പ്രതിഷേധം ശക്തമാകുകയാണ്.
Kerala
കൊച്ചി: മേയർ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. വി.കെ.മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം പങ്കുവച്ചുള്ള പ്രഖ്യാപനത്തെ എതിർത്ത് ഒരു വിഭാഗം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതി നൽകി.
മേയർ സ്ഥാനം ദീപ്തി മേരി വർഗീസിന് ലഭിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് ദീപ്തി അനുകൂലികൾ. തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നെന്നാണ് ദീപ്തിയുടെ പരാതി.
മേയറെ നിശ്ചയിച്ചത് കെപിസിസി മാനദണ്ഡങ്ങൾ മറികടന്നാണ്. രഹസ്യ വോട്ടെടുപ്പ് നടത്തിയില്ല. ജില്ലയ്ക്ക് പുറത്തു നിന്നുള്ള നേതാക്കൾ നിരീക്ഷണത്തിനായി വോട്ടെടുപ്പിന് വന്നില്ലെന്നും പരാതിയുണ്ട്.
Kerala
തൃശൂർ: ഗുരുവായൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്ന സൂചന പരന്നതോടെ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. സീറ്റ് കൈമാറ്റം സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നും ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.റഷീദ് പറഞ്ഞു. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിക്കണമെന്നാണ് ഡിസിസിയുടെ ആവശ്യം.
ഈ ആവശ്യം സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ദീർഘകാലമായി യുഡിഎഫിൽ ലീഗ് മത്സരിക്കുന്ന സീറ്റാണ് ഗുരുവായൂർ.
നിരവധി പരീക്ഷണം നടത്തിയിട്ടും ഇവിടെ യുഡിഎഫിന് വിജയിക്കാൻ കഴിയുന്നില്ല. അതുകൊണ്ടു തന്നെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് ഡിസിസിയുടെ നിലപാട്.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ നാല് നേതാക്കളെ കോൺഗ്രസ് പുറത്താക്കി. ഡിസിസി എക്സിക്യൂട്ടീവ് അംഗം കാപ്പാടന്‍ ശശി, മൈനോറിറ്റി കോണ്‍ഗ്രസ് ജില്ലാ ചെയര്മാന് കെ.ആര്.അബ്ദുല്‍ ഖാദര്‍, പ്രാദേശിക നേതാക്കളായ സതീശന് കടാങ്കോട്, രഘുനാഥ് തളിയില്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
ജില്ലാ കോൺഗ്രസ് കോര്‍ കമ്മിറ്റിയുടേതാണ് തീരുമാനം. ആന്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയുടെ നിര്ദേശകനായിരുന്നു രഘുനാഥ് തളിയില്‍. നാമനിര്‍ദേശ പത്രികയില്‍ താന്‍ ഒപ്പിട്ടില്ലെന്ന് വരണാധികാരിക്ക് മുന്പില് ഇയാള്‍ മൊഴി നല്‍കിയതോടെ പത്രിക തള്ളിയിരുന്നു.
ഇതോടെയാണ് രഘുനാഥിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടിക്കെതിരെ നിലപാട് സ്വീകരിച്ചതിനാണ് മറ്റുള്ളവര്‍ക്കെതിരായ നടപടി. പാര്‍ട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് തരംഗമായ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ രചയിതാവ് കുഞ്ഞബ്ദുള്ളയ്ക്ക് പിന്തുണയുമായി കോൺഗ്രസ്. നിയമപോരാട്ടത്തിന് പാർട്ടി പിന്തുണ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
കുഞ്ഞബ്ദുള്ളയെ ഫോണിൽ വിളിച്ചാണ് പിന്തുണയറിയിച്ചത്. നിയമ പോരാട്ടത്തിൽ എല്ലാ വിധ സഹായങ്ങളും ഉറപ്പുനൽകിയ അദ്ദേഹം പാട്ടെഴുതിയതിനെ അഭിനന്ദിക്കുകയും ചെയ്തു. കേരളം ഒട്ടാകെയിന്ന് ഏറ്റുപാടുന്ന പാരഡി ഗാനത്തിന്റെ ശിൽപി ജി.പി. കുഞ്ഞബ്ദുള്ളയുമായി ഫോണിൽ സംസാരിച്ചു.
അത്രയേറെ ആകർഷിച്ച വരികൾക്ക് മനസിൽ തട്ടി അഭിനന്ദനമറിയിക്കുകയും ചെയ്തു. കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോൺഗ്രസ് പ്രസ്ഥാനത്തിൽ നിന്നുണ്ടാകുമെന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കെ.സി.വേണുഗോപാൽ സമൂഹമാധ്യമത്തിൽക്കുറിച്ചു.
Kerala
കണ്ണൂർ: പി.ഇന്ദിരയെ കണ്ണൂർ കോർപറേഷൻ മേയറായി പ്രഖ്യാപിച്ചു. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തതെന്ന് മേയറുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് കെ.സുധാകരൻ എംപി പറഞ്ഞു. ഒരു വലിയ പദ്ധതിയും കണ്ണൂർ കോർപറേഷനായി തയാറാക്കിയിട്ടുണ്ട്.
ഒരു വർഷത്തിനുള്ളിൽ അത് നടപ്പാക്കുമെന്നും എംപി പറഞ്ഞു. നിലവിലെ ഡെപ്യൂട്ടി മേയറാണ് ഇന്ദിര. കോൺഗ്രസ് വിമത സ്ഥാനാർഥി ഉൾപ്പെടെ നാലു പേർ മത്സരിച്ച പയ്യാമ്പലത്ത് നിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. കൃഷ്ണമേനോൻ സ്മാരക വനിതാ കോളജ് ചെയർപേഴ്സൺ.
ഡെപ്യൂട്ടി മേയർ സ്ഥാനത്തിന് പുറമേ ആരോഗ്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. വാശിയേറിയ തെരഞ്ഞെടുപ്പിൽ ആകെയുള്ള 56 സീറ്റുകളിൽ 36 എണ്ണം നേടിയാണ് കോർപറേഷൻ ഭരണം യുഡിഎഫ് നിലനിർത്തിയത്.
എൽഡിഎഫ് 15 സീറ്റിലും എൻഡിഎ നാലിടത്തും എസ്ഡിപിഐ ഒരിടത്തും ജയിച്ചു. മുസ്ലിം ലീഗിലെ കെ.പി. താഹിറിനെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.